Movies
അല്ലു അർജുനെ കാണാനെത്തുന്നവർക്കുള്ള നിബന്ധകൾ എന്ന പേരിൽ പ്രചരിക്കുന്ന പിആർ നോട്ട് പുറത്ത്. നടനെ കാണുമ്പോൾ മൂന്നടി അകലം പാലിക്കണം, നേരിട്ട് കണ്ണിൽ നോക്കരുത് തുടങ്ങി വിചിത്രമായ നിബന്ധനകളാണ് ഇതിൽ പറയുന്നത്.
42 നിബന്ധനകൾ പാലിക്കണമെന്ന് ടീം നിർദ്ദേശിച്ചെന്ന ബ്രാൻഡ് മാനേജർ കാവേരി ബറുവയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ഈ വിവാദം ഉണ്ടായിരിക്കുന്നത്.
അല്ലു അർജുന്റെ 42 നിബന്ധനകൾ എന്ന പേരിൽ പിആർ നോട്ടും പുറത്തായിട്ടുണ്ട്. ഇത് ഔദ്യോഗികമാണോ അതോ വ്യാജമാണോ എന്നത് കൃത്യമല്ല.
1. നേരിട്ട് കണ്ണിൽ നോക്കരുത്; ‘സർ’ അംഗീകരിക്കുന്നത് വരെ കാത്തിരിക്കുക.
2. ഒരു സാഹചര്യത്തിലും ശാരീരിക സമ്പർക്കമോ ഹസ്തദാനമോ പാടില്ല.
3. എല്ലാ സമയത്തും കുറഞ്ഞത് മൂന്നടി ശാരീരിക അകലം പാലിക്കുക.
4. "സർ" അല്ലെങ്കിൽ "ഐക്കൺ സ്റ്റാർ" എന്ന് മാത്രം അഭിസംബോധന ചെയ്യുക. (ബണ്ണി എന്നത് കുടുംബാംഗങ്ങൾക്കും സ്റ്റൈലിഷ് സ്റ്റാർ എന്നത് ഒരു പഴയ വിശേഷണവുമാണ്).
5. നിശ്ശബ്ദത പാലിക്കുക എന്നതാണ് അടിസ്ഥാന നിയമം; നിങ്ങളോട് സംസാരിക്കാൻ ആവശ്യപ്പെടാതെ സംസാരിക്കരുത്.
6. ഔദ്യോഗിക കാര്യങ്ങൾക്കായി മാനേജ്മെന്റിന്റെ മൂന്ന് തലങ്ങളിലൂടെ (മാനേജർ -> ലീഡ് മാനേജർ -> ചീഫ് ഓഫ് സ്റ്റാഫ്) മാത്രം ബന്ധപ്പെടുക.
7. കടും നിറങ്ങൾ ഒഴിവാക്കി, ശ്രദ്ധ മാറ്റാത്ത തരം വസ്ത്രങ്ങൾ മാത്രം ധരിക്കുക.
8. ഫോണുകൾ നിശ്ശബ്ദമാക്കി "സർ" കാണാത്ത രീതിയിൽ സൂക്ഷിക്കുക.
9. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ചോദിക്കരുത്.
10. സർ മുറിയിലേക്ക് പ്രവേശിക്കുമ്പോൾ ഉടൻ എഴുന്നേറ്റ് നിൽക്കുക.
11. സർ ഇരിക്കും വരെ ആരും ഇരിക്കരുത്.
12. ഏത് വിവരവും 30 സെക്കൻഡിനുള്ളിൽ സംക്ഷിപ്തമായി അവതരിപ്പിക്കുക.
13. സ്വകാര്യ സംഭാഷണങ്ങൾ അരുത്; സംസാരിക്കണമെങ്കിൽ പുറത്തുപോയി സംസാരിക്കുക.
14. മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ, എല്ലാ ഉത്തരങ്ങളും നയപരമായി ശരിയായിരിക്കണം.
15. സാധാരണ ഊഷ്മാവിലുള്ള വെള്ളമോ അല്ലെങ്കിൽ ഫ്രഷ് തണ്ണിമത്തൻ ജ്യൂസോ മാത്രമേ നൽകാവൂ.
16. ശീതികരിച്ചതോ "ജങ്ക്" ആയതോ ആയ ഭക്ഷണങ്ങൾ പരിസരത്ത് അനുവദനീയമല്ല.
17. ശബ്ദമുണ്ടാക്കാൻ സാധ്യതയുള്ള ആഭരണങ്ങളോ മറ്റ് വസ്തുക്കളോ ഒഴിവാക്കുക.
18. മുറിയിൽ നിന്ന് പുറത്തുപോകുമ്പോൾ പുറം തിരിഞ്ഞ് നടക്കരുത്.
19. ജോലി സമയങ്ങളിൽ "ആരാധകരെപ്പോലെ" പെരുമാറുകയോ ഓട്ടോഗ്രാഫിനോ സെൽഫിക്കോ അപേക്ഷിക്കുകയോ ചെയ്യരുത്.
20. ഷൂട്ട് തുടങ്ങുന്നത് വരെ എല്ലാ ലെൻസുകളും ക്യാമറകളും അടച്ചുവയ്ക്കുക.
21. പ്രത്യേകമായി ആവശ്യപ്പെടാതെ സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ നൽകരുത്.
22. സാറിന്റെ സിനിമകളെക്കുറിച്ച് കൃത്യതയോടെ സംസാരിക്കുക; കഥാപാത്രങ്ങളുടെ പേരുകൾ തമ്മിൽ മാറിപ്പോകരുത്.
23. "സർ" നൃത്തം ചെയ്യാൻ തുടങ്ങിയാൽ കൂടെച്ചേരരുത്. ചെറിയ രീതിയിലുള്ള കൈയടിയാകാം.
24. മറ്റ് ടോളിവുഡ്/ബോളിവുഡ് താരങ്ങളെക്കുറിച്ചുള്ള ചർച്ചകൾ കർശനമായി നിരോധിച്ചിരിക്കുന്നു.
25. കൃത്യനിഷ്ഠയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല; നിശ്ചയിച്ച സമയത്തിന് 15 മിനിറ്റ് മുൻപ് എത്തുക.
26. സർ സൺഗ്ലാസ് ധരിച്ചിരിക്കുകയാണെങ്കിൽ, അതിലൂടെ രൂക്ഷമായി അദ്ദേഹത്തെ നോക്കാൻ ശ്രമിക്കരുത്.
27. എല്ലാ രേഖകളും അച്ചടിച്ച പകർപ്പുകളായി (ഹാർഡ് കോപ്പി) സമർപ്പിക്കണം; ഡിജിറ്റൽ സ്ക്രീനുകൾ പാടില്ല.
28. മുറിയും പരിസരവും കൃത്യമായി ചിട്ടപ്പെടുത്തിയതും വൃത്തിയുള്ളതുമാണെന്ന് ഉറപ്പാക്കുക.
29. സാറിന്റെ കഥാപാത്രങ്ങളുടെ പ്രത്യേക ശൈലികളോ ആംഗ്യങ്ങളോ അനുകരിക്കരുത്.
30. ഏതൊരു ആക്ഷൻ രംഗത്തിനും 15 മിനിറ്റ് മുൻപ്, സാറിനെ പൂർണമായ ഏകാന്തതയിൽ വിടണം. ഒരു വാക്ക് പോലും ഉച്ചരിക്കരുത്.
31. സാറിനു പിന്നിൽ ബഹുമാനപൂർവമായ അകലം പാലിച്ച് നടക്കുക; അദ്ദേഹത്തിന് മുന്നിൽ നടക്കരുത്.
32. രൂക്ഷമായ പെർഫ്യൂമുകളോ സുഗന്ധങ്ങളോ ഉപയോഗിക്കരുത്; വായുവിൽ സാധാരണ ഗന്ധം നിലനിർത്തുക.
33. ഏതൊരു പ്രശ്നം അവതരിപ്പിക്കുമ്പോഴും പ്രായോഗികമായ രണ്ട് പരിഹാരങ്ങൾ കൂടെ നിർദ്ദേശിക്കണം.
34. സർ എത്രനേരം നിശ്ശബ്ദനായിരുന്നാലും അദ്ദേഹത്തെ സംസാരത്തിൽ തടസപ്പെടുത്തരുത്.
35. കൈകൾ എപ്പോഴും പുറത്ത് കാണുന്ന രീതിയിൽ വയ്ക്കുക; പോക്കറ്റിൽ ഇടരുത്.
36. ഹിന്ദി മാർക്കറ്റ്, പാൻ-ഇന്ത്യ എന്നിങ്ങനെയുള്ള സ്ഥിതിവിവരക്കണക്കുകൾ, കൃത്യമായ ഉറവിടത്തോടെ മാത്രം അവതരിപ്പിക്കുക.
37. സർ ആ വിഷയം തുടങ്ങാതെ മെഗാ എന്ന വാക്ക് ഉപയോഗിക്കരുത്.
38. പെട്ടെന്നുള്ള ചലനങ്ങളോ ഉച്ചത്തിലുള്ള ശബ്ദങ്ങളോ പാടില്ല. അമിത ഊർജ്ജസ്വലവും അസ്ഥിരവുമായ പെരുമാറ്റം നിരോധിച്ചിരിക്കുന്നു.
39. സാറിന്റെ സാന്നിധ്യത്തിൽ നിങ്ങളുടെ വാച്ചിലോ ഫോണിലോ നോക്കരുത്.
40. അദ്ദേഹത്തിന് പ്രവേശന കവാടത്തിന് അഭിമുഖമായി ഇരിക്കാൻ പാകത്തിൽ കസേരകൾ ക്രമീകരിക്കുക.
41. സാറുമായി ബന്ധപ്പെട്ട എല്ലാത്തിലും AA സ്റ്റാമ്പ് ഉണ്ടെന്ന് ഉറപ്പാക്കുക.
42. സാങ്കേതിക തകരാറുകൾ സംഭവിച്ചാലല്ലാതെ ഒരു ടേക്ക് കൂടി എന്ന് ആവശ്യപ്പെടരുത്.
അതേസമയം ഈ ആരോപണമുന്നയിച്ച ബ്രാൻഡ് മാനേജർ കാവേരി ബറുവയെ താരത്തിന്റെ പിആർ ടീം ഭീഷണിപ്പെടുത്തിയെന്നും ആസൂത്രിതമായ സൈബർ ആക്രമണം നടത്തിയെന്നും ആരോപിച്ച് സ്വീകൃതി ടോക്സ് പോഡ്കാസ്റ്റ് അവതാരക രംഗത്തെത്തി.
ഭീഷണിയെത്തുടർന്നാണ് വിവാദ വീഡിയോ നീക്കം ചെയ്തതെന്നും സത്യം വിളിച്ചുപറയുന്നവരെ നിശബ്ദരാക്കാനാണ് അല്ലു അർജുന്റെ ടീം ശ്രമിക്കുന്നതെന്നും അവതാരക ഇൻസ്റ്റാഗ്രാമിലൂടെ തുറന്നടിച്ചു.
Movies
ഇന്ത്യയിൽ ചരിത്രം കുറിച്ച പുഷ്പ തരംഗം ഇനി ജപ്പാനിലും. അല്ലു അർജുൻ നായകനായ പുഷ്പ 2: ദ റൂൾ ജപ്പാനിൽ റിലീസ് ചെയ്തു. ചിത്രത്തിന് ജാപ്പനീസ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്നത് അഭൂതപൂർവമായ പ്രതികരണമാണ്. ആർത്തുവിളിച്ചാണ് ചിത്രത്തെ അവർ വരവേറ്റിരിക്കുന്നത്.
റിലീസ് ദിനത്തിൽ തന്നെ ടോക്കിയോ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ തിയേറ്ററുകൾ ആരാധകരെക്കൊണ്ട് നിറഞ്ഞു. അല്ലു അർജുന്റെ സ്റ്റൈലിനും നൃത്തത്തിനും വലിയ ആരാധകവൃന്ദമുള്ള ജപ്പാനിൽ പുഷ്പയുടെ രണ്ടാം ഭാഗത്തിനായി വലിയ കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികൾ.
ചിത്രത്തിലെ ഡയലോഗുകളും അല്ലു അർജുന്റെ സിഗ്നേച്ചർ മാനറിസങ്ങളും ജാപ്പനീസ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ജപ്പാനിലെ പ്രമുഖ തിയേറ്ററുകളിലെല്ലാം വൻ സ്ക്രീൻ കൗണ്ടോടെയാണ് ചിത്രം എത്തിയിരിക്കുന്നത്.
ഇന്ത്യയിലും മറ്റ് വിദേശ രാജ്യങ്ങളിലും നേടിയ വൻ വിജയം ജപ്പാനിലും ആവർത്തിക്കുമെന്നാണ് പ്രാരംഭ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റിലീസിനോടനുബന്ധിച്ച് ജപ്പാനിലെത്തിയ അല്ലുവിനെ ആർപ്പുവിളികളോടെയാണ് ജാപ്പനീസ് ആരാധകർ വരവേറ്റത്. തങ്ങളുടെ പ്രിയതാരത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
Movies
അല്ലു അർജുനൊപ്പം കൈകോർത്ത് ലോകേഷ് കനകരാജ്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റിൽ ആരംഭിക്കും. പ്രമുഖ ചലച്ചിത്ര നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സും ബിവി വർക്സും സംയുക്തമായാണ് ഇരുവരും ഒരുമിക്കുന്ന സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
താൽക്കാലികമായി AA23 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വേറിട്ട ലുക്കിലാകും അല്ലു അർജുൻ പ്രത്യക്ഷപ്പെടുക എന്നാണ് സൂചനകൾ. ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
National
ഹൈദരാബാദ്: പുഷ്പ രണ്ടിന്റെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. അല്ലു അർജുനെ 11-ാം പ്രതിയാക്കിയാണ് ചിക്കടപ്പള്ളി പോലീസ് നമ്പള്ളി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒമ്പത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
അല്ലു അർജുന്റെ മാനേജർ, സ്റ്റാഫുകൾ, എട്ട് ബൗൺസർമാർ തുടങ്ങിയവരുടെ പേരുകൾ കുറ്റപത്രത്തിലുണ്ട്. വലിയ ആൾക്കൂട്ടമുണ്ടാകുമെന്ന് അറിഞ്ഞിട്ടും സ്ഥലത്തെത്തിയെന്നും പ്രാദേശിക അധികാരികളുമായി കാര്യങ്ങൾ ഏകോപിപ്പിച്ചില്ലെന്നതുമാണ് അല്ലു അർജുനെതിരെയുള്ള കുറ്റം.
അപകടം നടന്ന ഹൈദരാബാദിലെ സന്ധ്യ തിയറ്റർ മാനേജ്മെന്റിനെതിരെയും കുറ്റപത്രത്തിൽ പരാമർശങ്ങളുണ്ട്. നടൻ സ്ഥലത്തെത്തുമെന്ന് മാനേജ്മെന്റിന് അറിയാമായിരുന്നു. എന്നാൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള നടപടികൾ ഇവർ സ്വീകരിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.
കേസ് രജിസ്റ്റർ ചെയ്ത് ഒരു വർഷത്തിന് ശേഷമാണ് പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. 2024 ഡിസംബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. അപകടത്തിൽ എം. രേവതിയെന്ന യുവതി മരിക്കുകയും ഇവരുടെ ഒമ്പത് വയസുകാരനായ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
കേസിൽ അല്ലുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അദ്ദേഹത്തിന് തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Movies
പുഷ്പ 2 പ്രിമിയറിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കുട്ടിക്ക് 3.20 കോടി രൂപ നൽകി അല്ലു അർജുൻ.
അല്ലുവിന്റെ ടീം പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് 3.20 കോടി രൂപയിൽ 1.5 കോടി രൂപ കുട്ടിയുടെ പേരിൽ ബാങ്കിൽ സ്ഥിര നിക്ഷേപമായി നിക്ഷേപിച്ചു.
ഈ തുകയിൽ നിന്ന് പ്രതിമാസം 75,000 രൂപ കുടുംബത്തിന് ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം. ഇത് കുടുംബത്തിന്റെ ജീവിതച്ചെലവുകൾക്കും വൈദ്യസഹായത്തിനും ഉപയോഗിക്കാൻ വേണ്ടിയാണ്. പരിക്കേറ്റ കുട്ടിയുടെ ഭാവിയുടെ സുരക്ഷിതത്വത്തിനായി 70 ലക്ഷം രൂപയും അധികം നൽകിയിട്ടുണ്ട്.
ഒരു വർഷത്തിനുശേഷം തെലുങ്കാന ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാനും നിർമാതാവുമായ ദിൽ രാജു കുട്ടിയെ സന്ദർശിക്കുകയും അല്ലു അർജുനും അദ്ദേഹത്തിന്റെ പിതാവ് അരവിന്ദും ചേർന്ന് കുടുംബത്തിന് നൽകിയ ഈ വലിയ സഹായത്തെക്കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തതോടെയാണ് സംഭവം വീണ്ടും ശ്രദ്ധ നേടിയത്.
തിയറ്റർ ദുരന്തത്തിൽ പരിക്കേറ്റ കുട്ടിയുടെ ചികിത്സാ ചെലവുകൾക്കായി അല്ലു അർജുൻ ഇതിനോടകം 3.20 കോടി രൂപ നൽകിയെന്ന വിവരമാണ് ദിൽ രാജു ഒരു വീഡിയോയിലൂടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
മുൻപ് സഹായം സംബന്ധിച്ച് കുട്ടിയുടെ പിതാവ് ചില ആശങ്കകൾ ഉന്നയിച്ചിരുന്നെങ്കിലും നിലവിൽ ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും സഹായം കൃത്യമായി എത്തിക്കുകയും ചെയ്തു എന്നാണ് വീഡിയോയിൽ പറയുന്നത്.
Movies
നടനും അല്ലു അർജുന്റെ സഹോദരനും നടനുമായ അല്ലു സിരീഷ് വിവാഹിതനാകുന്നു. സിരീഷിന്റെ വിവാഹനിശ്ചയം ഹൈദരാബാദിൽ വച്ച് നടന്നു. ദീർഘകാല പ്രണയിനിയായിരുന്ന നയനിക റെഡ്ഡിയാണ് വധു കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ചിരഞ്ജീവി, രാം ചരൺ, വരുൺ തേജ് തുടങ്ങിയവർ കുടുംബ സമേതം ചടങ്ങിനെത്തി. ഗൗരവം എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം ചേട്ടനെപ്പോലെ സിനിമയിൽ അത്ര സജീവമല്ല.
2017ൽ മേജർ രവി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 1971: ബിയോണ്ട് ബോർഡേഴ്സ് എന്ന സിനിമയിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു.